ത്രിപുരയിലെ ഗോത്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തോല്‍വി

0

ത്രിപുരയിലെ ഗോത്ര കൗണ്‍സിലുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് കനത്ത പരാജയം. ഐപിഎഫ്ടി (ഇന്‍ഡിജീനസ് പീപ്പിള്‍ ഫ്രണ്‍് ഓഫ് ത്രിപുര)യുമായി സഖ്യത്തിലാണ് ത്രിപുരയില്‍ ബിജെപി ഭരിക്കുന്നത്.

ത്രിപുര ഓട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ TIPRA (THE INDEGENOUS PROGRESSIVE REGIONAL ALLIANCE) 28ല്‍ 18 സീറ്റുകള്‍ നേടി. ബിജെപിക്കും സഖ്യകക്ഷിക്കുമായി ആകെ 9 സീറ്റേ നേടാന്‍ കഴിഞ്ഞുള്ളൂ. സ്വന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒരാള്‍ക്കും സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. ഈ മാസം ആറിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

പാര്‍ട്ടി പൗരത്വ പ്രക്ഷോഭത്തിലെടുത്ത നിലപാടില്‍ വിയോജിപ്പ് രേഖപ്പെടുത്തി പാര്‍ട്ടി വിട്ട മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാണിക്യ ദേബ് ബര്‍മാന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് TIPRA.

ആകെയുള്ള 30 സീറ്റില്‍ 28 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കിയുള്ള 2 പ്രതിനിധികളെ ഗവര്‍ണറാണ് നോമിനേറ്റ് ചെയ്യുക. 20 നിയമസഭ മണ്ഡലങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് 30 സീറ്റുകള്‍. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുല്‌ള ഇടതു മുന്നണി 25 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്.

2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 20ല്‍ 18 സീറ്റ് നേടി വിജയിച്ചിരുന്നു. ഓട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സിലിന് കീഴില്‍ ത്രിപുര രണ്ടില്‍ മൂന്ന് ഭാഗമാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ ഇവിടുത്തെ വോട്ടര്‍മാാര്‍ ശക്തമായ രാഷ്ട്രീയ ശക്തിയാണ്.