എല്‍ഡിഎഫ് കടപുഴകി വീഴും; ബിജെപിയുടെ അഡ്രസ് പോലും കാണില്ലെന്ന് ചെന്നിത്തല

0

യുഡിഎഫ് ഐതിഹാസിക വിജയം കരസ്ഥമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേഛ്ഛാദിപത്യത്തിനും എതിരായി ജനങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിലൂടെ കാണാന്‍ കഴിയുന്നതെന്ന് രമേശ് ചെന്ത്തില വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും 5 വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങളെല്ലാം തന്നെ ജനങ്ങള്‍ സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ത്തിയ സമയമായിരുന്നു ഇത്. പ്രളയമെന്ന മനുഷ്യ നിര്‍മ്മിതിയും ജനങ്ങള്‍ മനസിലാക്കി. പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. കൊള്ളയും അഴിമതിയും നടത്തിയ ദുര്‍ഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാര്‍ കൂടിയാണിത്. അയ്യപ്പ കോപവും, ദൈവ കോപവും ജനങ്ങളുടെ കോപവും പിണറായി സര്‍ക്കാരിനുണ്ട്. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോള്‍ അയ്യപ്പന്റെ കാല് പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. എല്‍ഡിഎഫ് കടപുഴകി വീഴുമെന്നും ബിജെപിയുടെ അഡ്രസ് പോലും കാണില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.