കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് മഞ്ചേശ്വരത്ത് സിപിഎം മത്സരിപ്പിക്കുന്നത്. ഉത്തമന്‍മാരായ സിപിഎമ്മുകാര്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്യും. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് സുരേന്ദ്രനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
മഞ്ചേശ്വരത്തും നേമത്തും ജയിക്കാന്‍ നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന പക്ഷേ ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന്റെ പിന്തുണയില്ലാതെ തന്നെ യുഡിഎഫ് വിജയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഘടക കക്ഷികളുമായാല്ലാതെ യുഡിഎഫിന് ആരുമായും സഹകരണമില്ലെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. എന്നാല്‍ മുല്ലപ്പള്ളിയെ പിന്തുണച്ച് കെ സുധാകരന്‍ രംഗത്തെത്തിയിട്ടുണ്ട്.
മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ചെറുതാക്കി കാണിക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു. വിചിത്രമായ പ്രസ്താവനകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത് എന്ന് വിജയരാഘവന്‍ പറഞ്ഞു. പരാജയ ഭീതിയില്‍ നിന്നുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടേതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.





































