പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെഎസ്ഇബി കരാറിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഈ അന്തര്‍ധാരയില്‍ പിണറായിയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമാണുള്ളത്. പിണറായിക്കെതിരായ അന്വേഷണങ്ങള്‍ എവിടെയും എത്താത്തതിൻ്റെ ഗുട്ടന്‍സ് ഇപ്പോഴാണ് മനസ്സിലായത്. മോദിക്കും പിണറായിയ്ക്കും ഇടയിലെ ഒരു പാലമാണ് അദാനിയെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഈ ബന്ധം ഈ തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം.
പിണറായി നയിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങി എന്ന പൊതുചര്‍ച്ച ശരിയാണെന്നതാണ് ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക വഴി പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തിനും സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം ഇടപാടുകള്‍ മാര്‍ക്‌സിറ്റ് അണികളോട് കാട്ടുന്ന കടുത്ത വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.