നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തവർക്കുള്ള തപാൽ വോട്ട് ഇന്നാരംഭിക്കും. പോളിംഗ് ഉദ്യോഗസർ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷൻ ചുമതലപ്പെടുത്തി.
80 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ, ക്വാറന്റൈനിലിരിക്കുന്നവർ എന്നിവരെയാണ് ആബ്സ്ൻ്റി വോട്ടർമാരായി പരിഗണിക്കുക. ഇവർക്ക് പ്രത്യേക ബാലറ്റ് പേപ്പർ വീടുകളിൽ എത്തിച്ചു നൽകും. അതിൽ വോട്ട് രേഖപ്പെടുത്താം. തപാൽ വോട്ട് ചെയ്യാൻ വരണാധികാരിയെ ആഗ്രഹമുണ്ടെന്നറിയിക്കുകയും 12 ഡി ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്തി ബൂത്ത് ലെവൽ ഓഫീസർമാർക്ക് മാർച്ച് 17ന് മുമ്പ് നൽകിയവർക്കുമാണ് തപാൽ വോട്ട് സൗകര്യമുള്ളത്.
വോട്ടർ പട്ടികയിൽ ഇവരുടെ പേരിന് നേരെ പോസ്റ്റൽ ബാലറ്റ് എന്നതിന്റെ ചുരുക്കെഴുത്തായ പിബി എന്നാണ് എഴുതിയിട്ടുണ്ടാകുക. ഇവർക്ക് പോളിംഗ് ബൂത്തിൽ വന്ന് വോട്ട് ചെയ്യാനായി കഴിയില്ല. മുൻകൂട്ടി അറിയിച്ച ശേഷമാകും പ്രത്യേക പോളിംഗ് സംഘങ്ങൾ വീടുകളിലെത്തുക. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം തപാൽ ബാലറ്റ് പേപ്പർ, ഫോറം 13 എയിലുള്ള സത്യ പ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവർ, ഫോറം 13 സി എന്ന വലിയ കവർ എന്നിവ നൽകും.
സ്വകാര്യത ഉറപ്പു വരുത്തി വോട്ട് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായാണ് ഉദ്യോഗസ്ഥരെത്തുക. സ്ഥാനാർത്ഥിയുടെ പേരിന് നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ നൽകി വോട്ട് രേഖപ്പെടുത്താം. അപ്പോൾ തന്നെ ഫോറമെല്ലാം പൂരിപ്പിച്ച് കവറിലാക്കി ഉദ്യോഗസ്ഥർക്ക് കൈമാറാം.