തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ സി-വിജിൽ ആപ്പ്

0

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജിൽ ആപ്പ്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതുതരത്തിലുള്ള പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജിൽ എന്ന അപ്ലിക്കേഷൻ വഴി അയക്കാവുന്നതാണ്. സി-വിജിൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാക്കിയിട്ടുണ്ട്. ആപ്പ് വഴി അയക്കുന്ന പരാതികളിൽ ഉടനടി നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി സംബന്ധിച്ച ചട്ടലംഘനം കണ്ടാൽ അത് മൊബൈൽ ഫോണിലെ കാമറ വഴി പകർത്തി സി-വിജിൽ ആപ്പ് വഴി ജില്ല തെരഞ്ഞെടുപ്പ് സെന്ററുകളിലേക്ക് അയച്ചു കൊടുക്കുകയാണ് വേണ്ടത്. അവിടെ നിന്നും അതാത് നിയമസഭ മണ്ഡലം സ്ക്വാഡുകളിലേക്ക് സന്ദേശം കൈമാറും. അവർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടി ഉടൻ തന്നെ റിട്ടേണിങ് ഓഫീസറുടെ പ്രതികരണം ആപ്പ് വഴി പരാതിക്കാരന് ലഭിക്കുകയും ചെയ്യും. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും വിധമാണ് ആപ്പിന്റെ നിർമ്മാണം.

ചട്ടലംഘനം നടന്ന സ്ഥലത്ത് നേരിട്ട് ചൂന്നെടുത്തു ചിത്രം മാത്രമേ ആപ്പ് വഴി അയക്കാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവർ എടുത്ത് കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ കഴിയില്ല. പരാതിക്കാരന് നേരിട്ട് ബോധ്യമായ പരാതി മാത്രമേ അയക്കാൻ കഴിയൂ. അതുകൊണ്ടു തന്നെ വ്യാജ പരാതികൾ ഒഴിവാക്കാനും പറ്റും. നടപടി ക്രമങ്ങൾ ലഘൂകരിക്കാനും പ്രചാരണഘട്ടത്തിലെ നിയമലംഘനം കണ്ടെത്താനുമായി ഒട്ടേറെ നൂതന വിദ്യകൾ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.