എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് പുറകെ കിഫ്ബിയെ നോട്ടമിട്ട് ആദായ നികുതി വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റിൽ കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറാൻ കൈറ്റിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കം.
കിഫ്ബിയുടെ മേൽ ഇഡി നടത്തുന്ന അന്വേഷണങ്ങളെ കേരള സർക്കാർ നിശിതമായി വിമർശിച്ചിരുന്നു. അതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് കൂടി കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസുമായി രംഗത്തെത്തിയിരക്കുന്നത്.
കഴിഞ്ഞ 5 വർഷത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനിൽ കിഫ്ബി വഴി നടപ്പിൽ വരുത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം. ഈ കാലയളവിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ വിശദാംശങ്ങളും നൽകണം. ഓരോ പദ്ധതികളുടേയും നികുതി വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സമർപ്പിക്കാനും നോട്ടീസിൽ പറയുന്നു.