50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കി മക്കള്‍ നീതി മയ്യം

0

തൊഴിലവസരം വാഗ്ദാനം ചെയ്ത് ചലച്ചിത്ര നടന്‍ കമലഹാസന്റെ മക്കള്‍ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരമാണ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്ത്രീ സുരക്ഷ, സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ എന്നിവയും പ്രകടന പത്രികയില്‍ വിവരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സൗത്തില്‍ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് നടന്‍ കമല്‍ഹാസന്‍. മഹിള മോര്‍ച്ച ദേശീയ പ്രസിഡന്റായ വാനതി ശ്രീനിവാസനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക അവസാനിപ്പിക്കേണ്ട അവസാനദിവസം ഇന്നായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരുടെ സൂക്ഷമ പരിശോധന നാളെ നടക്കും. ഇതുവരെയായി 2244 പത്രികകളാണ് ലഭിച്ചത്.

എന്നാല്‍ തെരെഞ്ഞെടുപ്പ് അടുത്തത് കൊണ്ട് തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫ്രണ്‍ട്ടയേഴ്‌സിന്റെ മധുരയിലെ ഓഫീസില്‍ ഇന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തി. മധുരയിലും തിരിപ്പൂരിലും നടന്ന റെയ്ഡില്‍ മക്കള്‍ നീതി മയ്യം ട്രഷററും കമല്‍ഹാസന്റെ വിശ്വസ്തനുമായ ചന്ദ്രശേഖരന്‍ രാജിന്റെ ഓഫീസില്‍ നിന്ന് 8 കോടി രൂപ കണ്ടെടുത്ത സാഹചര്യത്തില്‍ ആദായ നികുതി വകുപ്പിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.