കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഇടതുമുന്നണിക്കൊപ്പമുണ്ടായിരുന്ന നാളുകളത്രയും ജീവിതത്തിലെ അമൂല്യ സമ്പത്തായാണ് കാണുന്നതെന്ന് പിസി ചാക്കോ വെളിപ്പെടുത്തി. തിരിച്ച് മുന്നണിയിലെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 40 വര്‍ഷമായി എന്‍സിപി എല്‍ഡിഎഫിനൊപ്പമാണ്. നയനാര്‍ മന്ത്രിസഭയില്‍ താനുമൊരംഗമായിരുന്നു. 1980ല്‍ ഇടതമുന്നണിയുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തെ അനുസ്മരിപ്പിക്കലാണ് ഈ ഒത്തുചേരലും. പാര്‍ലമെന്റ് കമ്മിറ്റികളില്‍ താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും വീണ്ടും എല്‍ഡിഎഫില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ചാക്കോ വിശദീകരിച്ചു.
പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം കഴിഞ്ഞ ദിവസമായിരുന്നു പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.