നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. ലതിക സുഭാഷിൻ്റെ വീട്ടിലെത്തിയാണ് ശോഭന സന്ദര്‍ശിച്ചത്. ലതിക മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു നൊമ്പരമായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ശോഭന അറിയിച്ചു.
പൊതുരംഗത്തെ സ്ത്രീകള്‍ നേരിടുന്ന അവഗണനയെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ശോഭന ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലതികയുടെ അവസ്ഥയും അവരുടെ മുഖവും കേരളത്തില്‍ എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാകണമെന്നും ശോഭന വ്യക്തമാക്കി. പുരുഷന്‍മാരേക്കാളും ത്യാഗവും കഷ്ടപ്പാടും സഹിച്ചാണ് ഒരു സ്ത്രീ പൊതുരംഗത്ത് നില്‍ക്കുന്നത്. ആരെങ്കിലും അത് ചിന്തിച്ചിട്ടുണ്ടോയെന്നും ശോഭന ജോര്‍ജ് ചോദിച്ചു.