ലതിക സുഭാഷിന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടി. എന്നാല്‍ ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ചയല്ല. ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും അവര്‍ ആവശ്യപ്പെട്ടിരുന്നില്ല. വൈപ്പിന്‍ സീറ്റ് ചോദിച്ചത് അവസാനഘട്ടത്തിലായിരുന്നു. ലതിക സമരം ഒഴിവാക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇന്നലെയാണ് തനിക്കുള്‍പ്പടെ പാര്‍ട്ടി സീറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. പിന്നാലെ പ്രതിഷേധ സൂചകമായി ഇന്ദിരഗാന്ധി ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്യുകയും ചെയ്തു.
വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഇന്നലെ കെപിസിസി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ലതികയുടെ പ്രതിഷേധത്തിനോട് ഒരു സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിഹസിക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവ് എന്ന നിലക്ക് ലതികയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദും പ്രതികരിച്ചു.
എല്ലാ ജില്ലകളില്‍ നിന്നും വനിത സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് വനിത പ്രാതിനിധ്യമില്ല. കുറച്ചുകൂടി സ്ത്രീ പ്രാതിനിധ്യം വേണമെന്നും ഷമ മുഹമ്മദ് പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് നല്‍കാത്തതില്‍ വളരെ ദുഃഖമുള്ളയാളാണ് താനെന്ന് എംഎം ഹസനും പ്രതികരിച്ചു.
9 സ്ത്രീകളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്. പികെ ജയലക്ഷ്മി- മാനന്തവാടി, കെഎ ഷീബ- തരൂര്‍, പദ്മജ വേണുഗോപാല്‍- തൃശൂര്‍, പിആര്‍ സോന-വൈക്കം, ഷാനിമോള്‍ ഉസ്മാന്‍- അരൂര്‍, അരിത ബാബു- കായംകുളം, രശ്മി ആര്‍- കൊട്ടാരക്കര, ബിന്ദു കൃഷ്ണ- കൊല്ലം, അന്‍സജിത റസല്‍- പാറശാല എന്നിങ്ങനെയാണ് വനിത സ്ഥാനാര്‍ത്ഥികള്‍.