HomeKeralaസ്വതന്ത്രയായി മത്സരിക്കാന്‍ തയ്യാറെടുത്ത് ലതിക സുഭാഷ്

സ്വതന്ത്രയായി മത്സരിക്കാന്‍ തയ്യാറെടുത്ത് ലതിക സുഭാഷ്

രാജിവെച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുന്നു. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഇന്ന് വൈകീട്ടോടുകൂടി പ്രഖ്യാപനം ഉണ്ടാകും. ഇന്ന് തന്നെ പ്രചരണം ആരംഭിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ലതിക. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വെക്കുമെന്നും അവര്‍ അറിയിച്ചു.

തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ല. എന്താണ് ഭാവി പരിപാടി എന്നതിനെക്കുറിച്ച് ഇന്ന് നിര്‍ണായക തീരുമാനമാകും. കെപിസിസി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കുന്നില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതില്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതും നടന്നില്ലെന്ന് ലതിക വിശദീകരിച്ചു. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലെങ്കിലും വിജയിക്കാനാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും ലതിക കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂരില്‍ മുമ്പും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച ചരിത്രമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിന് തന്റെ ജന്മനാടായ ഏറ്റുമാനൂരില്‍ മത്സരിക്കണമെന്ന ആഗ്രഹം ലതിക തുടക്കം മുതല്‍ക്കേ അറിയിച്ചിരുന്നു. ഇക്കാരംയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നു. അനുഭാവ പൂര്‍വ്വമായ സമീപനം പ്രതീക്ഷിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി ലതിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറെ ദുഃഖമുണ്ടെന്നാണ് ലതികയുടെ അഭിപ്രായം. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം തന്നെ അവഗണിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് ലഭിക്കാന്‍ എന്നും ലതിക സുഭാഷ് കുറ്റപ്പെടുത്തി.

പിണറായി മോദി സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു പകുതിയും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കോണ്‍ഗ്രസ് നയത്തിനെതിരെമറുപകുതിയും തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തല്‍ ശക്തമായി എന്നും ജനങ്ങള്‍ക്കിടയില്ഡ എന്നുമുണ്ടാകുമെന്നുമാണ് ലതിക സുഭാഷ് പ്രതികരിച്ചത്. അനുനയിപ്പിക്കാനെത്തിയ എംഎം ഹസ്സനോട് 15 വയസ്സുള്ള കുട്ടിയല്ലല്ലോ എന്ന ചോദ്യമാണ് ലതിക ചോദിച്ചത്. ലതിക യുഡിഎഫ് കണ്‍വീനറുടെ കാലില്‍ തൊട്ട് വന്ദിക്കുകയും ചെയ്തു.

40 വര്‍ഷത്തോളമായി നെഞ്ചോട് ചേര്‍ത്തുവെക്കുന്നത് മൂവര്‍ണക്കൊടിയാണെന്ന് ലതിക പറഞ്ഞു. പാര്‍ട്ടി പെറ്റമ്മയെ പോലെയാണ്, അത് അപമാനിക്കപ്പെടരുതെന്നാണ് ആഗ്രഹം. സമയവും കാലവും ഇല്ലാതെ പാര്‍ട്ടിക്ക് വേണ്ടി ഇന്നേവരെ പ്രവര്‍ത്തിച്ചു. വനിത എന്ന പരിമിതി എവിടേയും തടസമായിട്ടില്ല. പറഞ്ഞിട്ടുമില്ല. മഹിള കോണ്‍ഗ്രസ് അധ്യക്ഷക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിക്കുന്നുവെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. 20 ശതമാനം സ്ത്രീ പ്രാതിനിധ്യം പോലും ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലതിക കുറ്റപ്പെടുത്തി.

Most Popular

Recent Comments