ഇക്കുറി തീപാറുന്ന മത്സരമാവും കൊടുങ്ങല്ലൂരില്‍. സ്ഥാനം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് പൊരുതുമ്പോള്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ യുഡിഎഫ് ഇറങ്ങും. ഇരുമുന്നണികളേയും തകര്‍ത്ത് കൊടുങ്ങല്ലൂരില്‍ വിജയം ഉറപ്പിക്കാനാണ് ഇക്കുറി എന്‍ഡിഎ പൊരുതുന്നത്.
നിലവില്‍ സിപിഐയിലെ വി ആര്‍ സുനില്‍കുമാറാണ് കൊടുങ്ങല്ലൂരിലെ എംഎല്‍എ. മണ്ഡലം പിടിച്ചെടുക്കാന്‍ യുഡിഎഫ് ഇറക്കുന്നത് ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍മാനും എ ഗ്രൂപ്പ് നേതാവുമായ എം പി ജാക്‌സനെയാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയും തോറും കുതിച്ചു ചാട്ടം നടത്തുന്ന എന്‍ഡിഎക്ക് ഇക്കുറി വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമാവില്ല. അതിനാല്‍ തന്നെ ശക്തനായ പോരാളിയെ ആണ് കൊടുങ്ങല്ലൂരില്‍ എത്തിച്ചിട്ടുള്ളത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മുപ്പതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടി ഇരുമുന്നണികളേയും ഞെട്ടിച്ച സന്തോഷ് ചെറാകുളമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ട് കൂടിയായ സന്തോഷിൻ്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിലും എന്‍ഡിഎ കുതിച്ചു ചാട്ടം നടത്തിയത്. ശക്തനായ സംഘാടകന്‍, കാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അറിയപ്പെടുന്ന സന്തോഷ് ചെറാകുളത്തിനെ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നത് കൊടുങ്ങല്ലൂര്‍ പിടിച്ചെടുക്കാന്‍ തന്നെയാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.