തിരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കാലിക്കറ്റ് മുന്‍ വിസി അബ്ദുള്‍ സലാം

0

മലപ്പുറം തിരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ അബ്ദുള്‍ സലാം മത്സര രംഗത്ത്. 2019ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ അംഗത്വം എടുത്തത്. 2011-2015 കാലഘട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. വിസി ആയിരുന്ന കാലത്ത് അബ്ദുള്‍ സലാമിനെതിരെ നിരവധി വിദ്യാര്‍ത്ഥി-അധ്യാപക സംഘടനകളാണ് സമരം ചെയ്തത്. യുഡിഎഫ് നോമിനിയായാണ് അബ്ദുള്‍ സലാം വൈസ് ചാന്‍സലറായത്.

സര്‍വകലാശാലയുടെ സ്ഥലങ്ങള്‍ ക്രയവിക്രയം ചെയ്തതിന്റെ പേരില്‍ ഭൂമി വിവാദവും നിയമന വിവാദവും എല്ലാം കൊണ്ടും വിവാദവാര്‍ത്തകളില്‍ ഇടം നേടിയാണ് വിസി സ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടതായി വന്നത്. സര്‍വകലാശാലയുടെ തന്നെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് അബ്ദുള്‍ സലാം വൈസ് ചാന്‍സലറായിരുന്ന കാലഘട്ടത്തിലാണെന്നതും ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒരു യാത്രയപ്പ് പോലും ലഭിക്കാതെയാണ് അന്ന് വൈസ് ചാന്‍സലറായിരുന്ന അബ്ദുള്‍ സലാം പടിയിറങ്ങിയത്.

115 സീറ്റുകളിലായാണ് ബിജെപി കേരളത്തില്‍ മത്സരിക്കുന്നത്. 25 സീറ്റുകളില്‍ നാല് ഘടക കക്ഷികളും മത്സരിക്കും. കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് നിന്നാണ് മത്സരത്തിനിറങ്ങുക. നേമത്ത് നിന്നും കുമ്മനം രാജശേഖരനും പിസി കൃഷ്ണദാസ് കാട്ടാക്കടയില്‍ നിന്നു മത്സരിക്കും.