ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ആയിരത്തിലേറെ മദ്രസകള്‍ നിരോധിക്കാനും പദ്ധതിയുണ്ട്. ബുര്‍ഖ നിരോധനത്തിനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചുവെന്നും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതു സുരക്ഷ മന്ത്രി ശരത് വീരശേഖര പറഞ്ഞു. ദേശീയ സുരക്ഷ ആശങ്ക കണക്കിലെടുത്ത് കൊണ്ടാണ് നടപടിയെന്ന് മന്ത്രി അവകാശപ്പെടുന്നു.
എന്നാല്‍ തീരുമാനത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലെ മുസ്ലിം വനിതകള്‍ മുമ്പ് ബുര്‍ഖ ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിക്കുന്ന രീതി അടുത്തിടെ നിലവില്‍ വന്നതാണ്. ഇത് മതതീവ്രവാദത്തിൻ്റെ അടയാളമാണെന്നും തീര്‍ച്ചയായും തങ്ങള്‍ ഇതിനെ നിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശ്രീലങ്കയില്‍ പള്ളികള്‍ക്കും ഹോട്ടലുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് 2019ല്‍ താല്‍ക്കാലികമായി ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചിരുന്നു. ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 250ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്. സുരക്ഷയുടെ പേരില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കത്തെ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ അന്ന് പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നിരുന്നു.
മുസ്ലിം സ്ത്രീയുടെ മതപരമായ അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണ് നിരോധനമെന്ന് ഇവര്‍ പറയുന്നു. രാജ്യത്തെ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ ലംഘിക്കുന്നുവെന്നും അതിനാലാണ് അടച്ചുപ്പൂട്ടുന്നതെന്നും മന്ത്രി വീരശേഖര വിശദീകരിച്ചു.
മുമ്പ് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴും മുസ്ലിം മതവിഭാഗങ്ങളെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കണമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയുമായിരുന്നു.