HomeIndiaമമത ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്

മമത ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവുകളില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്ക് പറ്റിയതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരില്‍ നിന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

മമതക്ക് നേരെ ആക്രമണമുണ്ടായതിന് തൈളിവില്ലെന്ന് വ്യക്തമാക്കിയ പ്രത്യേക നിരീക്ഷകര്‍ സംഭവം നടക്കുമ്പോള്‍ മമത പൊലീസിന് നടുവിലായിരുന്നുവെന്നും വിശദീകരിച്ചു.വിഷയത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക നിരീക്ഷകരായ വിവേദ് ദുബെ, അജയ് നായക് എന്നിവര്‍ ബംഗാളിലെ നന്ദിഗ്രാമില്‍ അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു.

മുമ്പ് മമതക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കളുടെ ആറംഗ സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. ആക്രമണം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രിയെ വകവരുത്താന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിന് യാതൊരു സംശയവുമില്ലെന്നും പിന്നില്‍ ബിജെപിയുടെ കളിയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ബുധനാഴ്ച നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് മമതക്ക് വീണ് പരിക്കേറ്റത്. നാലഞ്ചുപേര്‍ ചേര്‍ന്ന് തന്നെ തള്ളി താഴെയിട്ടുവെന്നാണ് മമത ആരോപിച്ചിരുന്നത്. ഇടതുകാലിനും തോളിനും കൈത്തണ്ടക്കും കഴുത്തിനും പരിക്കേറ്റ മമത ചികിത്സക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു.

Most Popular

Recent Comments