തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പോരിനിറങ്ങി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കാനാണ് സാധ്യത. സന്ദീപ് വാര്യര്‍ക്കുവേണ്ടി പരിഗണിച്ച കൊട്ടാരക്കരയില്‍ സിനിമ നടന്‍ വിനു മോഹനാകും മത്സരിക്കുക. അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്.
ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയും കരുത്തരായ നേതാക്കളെയാണ് നിര്‍ത്തേണ്ടതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന നേതൃത്വം നിലവില്‍ നല്‍കിയ സാധ്യൃത പട്ടിക കേന്ദ്ര നേതൃത്വം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാളെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടികക്ക് അംഗീകാരം നല്‍കാന്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.
സുരേഷ്‌ഗോപിയും ശോഭ സുരേന്ദ്രനും മത്സരത്തിനുണ്ടാകും. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നിരുന്നെങ്കിലും തൃശൂരിലോ വട്ടിയൂര്‍കാവിലോ മത്സരിക്കാനാണ് കൂടുതല്‍ സാധ്യത. നേമത്ത് കുമ്മനം രാജശേഖരനായിരിക്കും അങ്കത്തിനിറങ്ങുക. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ മത്സരിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. 2016ല്‍ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരം സുരേന്ദ്രന് കൈവിട്ടത്. അതുകൊണ്ട് തന്നെ മഞ്ചേശ്വരം കേന്ദ്ര നേതൃത്വത്തിന്റെ സര്‍വേയില്‍ വിജയസാധ്യത കൂടിയ മണ്ഡലമാണ്.