നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ശ്രദ്ധിക്കുന്ന മണ്ഡലമായ തൃശൂരില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി എല്‍ഡിഎഫും യുഡിഎഫും. പി ബാലചന്ദ്രനെ പ്രഖ്യാപിച്ച ഇടതുമുന്നണി പ്രവര്‍ത്തകരുടെ കൂട്ടായ്മകളിലൂടെ മുന്നേറുകയാണ്. പ്രഖ്യാപനം വന്നില്ലെങ്കിലും പദ്മജ വേണുഗോപാല്‍ തന്നെയാണ് തങ്ങളുടെ സ്ഥാനര്‍ഥി എന്ന ഉറച്ച വിശ്വാസത്തില്‍ വോട്ടുറപ്പിക്കുകയാണ് യുഡിഎഫ്.
നഗരത്തില്‍ അന്യോന്യം കാണുമ്പോള്‍ പദ്മജയോ അതോ.. എന്ന ചോദ്യം ഉയരുന്നു. ചായക്കടകളും കോഫീ ഹൗസുകളും പതിയെ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിമാറുകയാണ്. തൃശൂര്‍ യുഡിഎഫ് തിരിച്ചു പിടിക്കുമോ, പദ്മജ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമോ തുടങ്ങിയ സംസാരങ്ങള്‍ പരക്കുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോഴെ വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായി.
വി എസ് സുനില്‍കുമാറിൻ്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് പി ബാലചന്ദ്രന്‍ എന്നതില്‍ സംശയമില്ലെന്ന് വിശ്വസിക്കുന്നവരും ധാരാളം. വി എസ് സുനില്‍കുമാറിനെ മാറ്റേണ്ടിയിരുന്നില്ല എന്ന് വിശ്വസിക്കുന്ന ഇടത് അനുഭാവികളും ഉണ്ട്. പദ്മജയാണെങ്കില്‍ വനിതകളുടെ ഇഷ്ടം നേടാനാകും അതിനാല്‍ ഇടതിനും വനിതാ സ്ഥാനാര്‍ഥി മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരും മണ്ഡലത്തില്‍ ഉണ്ട്.
കളം നിറയാന്‍ എന്‍ഡിഎ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മെട്രോമാനിലൂടെ മണ്ഡലം പിടിച്ചെടുക്കും എന്ന് കരുതിയ ബിജെപി പ്രവര്‍ത്തകരെ നിരാശരാക്കുന്നുതാണ് അദ്ദേഹത്തിൻ്റെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം. ഇതോടെയാണ് ആരാകും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്ന ചോദ്യം വീണ്ടും ഉയരുന്നത്. കരുത്തുള്ള സ്ഥാനാര്‍ഥി അല്ലെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമോ എന്ന ആശങ്കയും എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കുണ്ട്.