വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിൻ്റെ വനിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി സിപിഎം നേതാവ് പികെ ശ്രീമതി . കോഴിക്കോട് സൗത്തിലാണ് ലീഗിൻ്റെ വനിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതി ലീഗിൻ്റെ വനിത സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പരിഹസിച്ചത്. 1957 മുതല്‍ 2021 വരെ മുസ്ലിം ലീഗിന് വനിത എംഎല്‍എ ഇല്ല. കാക്ക മലര്‍ന്നു പറക്കുമോ? മുസ്ലിം ലീഗിന് വനിത സ്ഥാനാര്‍ത്ഥി! എന്നാണ് ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിത കമ്മീഷനംഗവുമായ അഡ്വ നൂര്‍ബിന റഷീദാണ് മത്സരരാര്‍ത്ഥി. വിജയസാധ്യതയുള്ള സീറ്റില്‍ തന്നെയാണ് നൂര്‍ബിനയെ മത്സര രംഗത്തിറക്കുന്നത്. പാണക്കാട് വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
ഇത്തവണ വനിത സ്ഥാനാര്‍ത്ഥികളെ അങ്കത്തിനിറക്കണമെന്നും അത് വിജയസാധ്യതയുള്ള സീറ്റിലായിരിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ നേരത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. നൂര്‍ബിന റഷീദ് ജയിക്കുകയാണെങ്കില്‍ ഇത്തവണ ലീഗിൻ്റെ ഒരു നനിത നേതാവ് ആദ്യമായി നിയമസഭയിലെത്തും.