കമല്‍ഹാസനെ വിട്ട് ദിനകരന്റെ മുന്നണിയില്‍ ചേക്കേറി എസ്ഡിപിഐ

0

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) നേതൃത്വം നല്‍കുന്ന മുന്നണിയില്‍ മത്സരിക്കാനൊരുങ്ങി എസ്ഡിപിഐ. മുമ്പ് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യ ചര്‍ച്ച നടത്തിയിരുന്ന എസ്ഡിപിഐക്ക് 28 സീറ്റുകളാണ് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങളുമായി സഖ്യത്തിലായിരുന്ന എഎംഎംകെയുടെ കൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എസ്ഡിപിഐ തമിഴ്‌നാട് പ്രസിഡന്റ് നെല്ലായ് മുബാറക്ക് അറിയിച്ചു.

ആളന്തൂര്‍, അമ്പൂര്‍, തിരുച്ചിറപ്പള്ളി, പടിഞ്ഞാറ്, തിരുവാരൂര്‍, മധുരൈ സെന്‍ട്രല്‍, പാളയങ്കോട്ടൈ മണ്ഡലങ്ങളാണ് ഇപ്പോള്‍ എസ്ഡിപിഐക്ക് ലഭിച്ചിരിക്കുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്ലിമിനും ഇതേ മുന്നണിയില്‍ തന്നെയാണ് മത്സരിക്കുന്നത്. ഡിഎംകെ മുന്നണിയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന വാണിയമ്പാടിയും കൃഷ്ണഗിരി, ശങ്കരപുരം മണ്ഡലങ്ങളുമാണ് മജ്‌ലിസിന് എഎംഎംകെ നല്‍കിയിരിക്കുന്നത്.

234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടില്‍ കേരളത്തിനൊപ്പം ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക.