തരൂരും കെ മുരളീധരനും നേമത്ത് മത്സരിക്കില്ല

0

എംപിമാരായ ശശി തരൂരും കെ മുരളീധരനും തിരുവനന്തപുരം നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി രമേശ് ചെന്നിത്തല. നിലവില്‍ എംപിമാരായ ആരും മത്സരിക്കില്ലെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

ഇതോടെ ആരാണ് നേമത്ത് മത്സരിക്കാന്‍ കളത്തിലിറങ്ങുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്. കോണ്‍ഗ്രസിൻ്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഞായറാഴ്ച പുറത്തിറക്കുമെന്ന് നേതൃത്വം അറിയിച്ചു.

നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു ഹൈക്കമാന്‍ഡിൻ്റെ നിര്‍ദ്ദേശം. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും മികച്ച ജനസമ്മിതി ഉള്ള നേതാവാകും നേമത്ത് അങ്കത്തിനിറങ്ങുകയെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറന്നതോടു കൂടി ഇരുമുന്നണികള്‍ക്കും നേമം നിയോജക മണ്ഡലം അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. 8671 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ നിയമസഭയിലെത്തിയത്.