ഗവേഷണ പ്രബന്ധം കോപ്പിയടിച്ചെന്ന ആരോപണമുള്ള ഉദ്യോഗാര്‍ത്ഥിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥിര നിയമനം

0

ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന ആരോപണം നിലനില്‍ക്കെ കാലിക്കറ്റ് സര്‍വകലാശാല ഉദ്യോഗാര്‍ത്ഥിക്ക് സ്ഥിരനിയമനം നല്‍കിയെന്ന് പരാതി. താരതമ്യ സാഹിത്യ പഠന വിഭാഗം(കംപരേറ്റീവ് ലിറ്ററേച്ചര്‍) അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച ശ്രീകല മുല്ലശ്ശേരിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോപ്പിയടി സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍വകലാശാല പൂഴ്ത്തിയതാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ താരതമ്യ സാഹിത്യ പഠന വിഭാഗത്തിലെ ശ്രീകല മുല്ലശ്ശേരിയാണ് നിയമന വിവാദത്തില്‍ പെട്ടിരിക്കുന്നത്.

2016ല്‍ ശ്രീകല പിഎച്ഡി പൂര്‍ത്തീകരിച്ചിരുന്നു. പ്രബന്ധം പകര്‍ത്തി എഴുതിയതാണെന്ന പരാതി വന്നതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി മൂന്നംഗം അന്വേഷണ സംഘത്തെ നിയോഗിച്ചു. മലയാള വിഭാഗം ഡീന്‍ ചെയര്‍മാനും, ഇംഗ്ലീഷ്, റഷ്യന്‍ ലൃവകുപ്പ് മേധാവികളും അംഗമായ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഗസ്റ്റ് അധ്യാപികയായി ശ്രീകല യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിച്ചു. അന്വേഷണം നടക്കുന്നതിനാല്‍ അപേക്ഷ തടസപ്പെട്ടു. തുടര്‍ന്ന് ശ്രീകല കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയില്ലെന്ന് യൂണിവേഴ്‌സിറ്റി അറിയിക്കുകയും ശ്രീകലക്ക് നിയമനം ലഭിക്കുകയും ചെയ്തു.

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി യൂണിവേഴ്‌സിറ്റി ശ്രീകലയെ വഴിവിട്ട് സഹായിച്ചെന്ന് ആരോപണമുയര്‍ന്നു. ഇപ്പോള്‍ ആ അധ്യാപക തന്നെ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥിരം നിയമനം നേടുകയും ചയെ്തു. ശ്രീകലയുടെ പ്രബന്ധം സംബന്ധിച്ച അന്വേഷണ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഒരു എംഎല്‍എ ഇടപെട്ടിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ശ്രീകലക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഭിമുഖത്തില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗാര്‍ത്ഥികള്‍.