സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലുമായി കേസിലെ പ്രതി സന്ദീപ് നായര്‍ രംഗത്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സന്ദീപ് നായര്‍ എറണാകുളം ജില്ല സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു നല്‍കാമെന്ന വാഗ്ദാനവും നല്‍കി. പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. നിര്‍ണായക വെളിപ്പെടുത്തലാണ് കേസിലെ മൂന്നാം പ്രതി കൂടിയായ സന്ദീപ് നായര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
തന്നെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും കാണിച്ചാണ് കത്ത്. ഇഡി ഉദ്യാഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഒരു ഉന്നതന്റെ മകന്റേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും കത്തില്‍ വിശദീകരിക്കുന്നു. അന്വേഷണം വഴി തെറ്റിക്കാനാണ് ഇവര്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച് അറിയാന്‍ ഇതുവരെ ആയും ശ്രമിച്ചതുപോലുമില്ല. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ച് കൊണ്ടിരിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.