ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യാൻ സാധ്യത. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നല്‍കിയ മൊബൈല്‍ ഫോണില്‍ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്. എങ്ങനെയാണ് വിനോദിനിക്ക് ഈ ഫോണ്‍ കിട്ടിയതെന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക.
അതെസമയം വിനോദിനി കസ്റ്റംസിന് മുന്നില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹാജരാകാന്‍ നോട്ടീസ് ലഭിച്ചില്ലെന്ന് വിനോദിനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നേരത്തേ മൊഴി നല്‍കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ 6 ഐഫോണ്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ അറിയിച്ചിരുന്നു. ഇതില്‍ 5 ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസിന് മുമ്പ് തന്നെ ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, അഡീഷണ്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, പത്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവരാണ് ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് പറയുന്നു. എന്നാല്‍ ഇതില്‍ 1.13 ലക്ഷം രൂപ വിലവരുന്ന ഫോണ്‍ ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്നാണ് കസ്റ്റംസിൻ്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഫോണ്‍ ഉപയോഗം നിര്‍ത്തി. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് സിം കാര്‍ഡ് കണ്ടെത്തിയെന്നും ഫോണില്‍ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.
വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ പറയുന്നത്. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നല്‍കിയതെന്ന പ്രതികരണമാണ് ഇയാളില്‍ നിന്നും ലഭിക്കുന്നത്. സ്വപ്‌ന ആര്‍ക്കെങ്കിലും ഫോണ്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ലെന്നും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പാരിതോഷികവും നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.