ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക്. സിപിഎം സ്ഥാനാര്‍ത്ഥിയായി എ രാജയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡി കുമാറും തെരഞ്ഞെടുപ്പങ്കത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയാണ് മണ്ഡലത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. എതിര്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിഞ്ഞ ശേഷം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന നിലപാടിലായിരുന്നു ഇടതുമുന്നണിയും വലതു മുന്നണിയും.
തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട എസ് രാജേന്ദ്രനെ മാറ്റാന്‍ സിപിഎമ്മും കഴിഞ്ഞ മൂന്ന് തവണയും പരാജയപ്പെട്ട എ കെ മണിയെ മാറ്റാന്‍ സിപിഎമ്മും തീരുമാനിച്ചതോടെയാണ് മണ്ഡലത്തില്‍ യുവനിരയിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നറുക്ക് വീണത്. എന്നാല്‍ പട്ടിക ജാതി സംവരണ മണ്ഡലമായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാതി മുഖ്യവിഷയമായതോടെ ഇരു മുന്നണികള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയം വഴിമുട്ടി.
സ്ഥാനാര്‍ത്ഥികള്‍ വ്യത്യസ്ത ജാതിയിലുള്ളവരായാല്‍ ജാതി അടിസ്ഥാനത്തില്‍ വോട്ട് വിഭജിച്ച് പോകുമോ എന്ന പേടിയായിരുന്നു ഇരു മുന്നണികള്‍ക്കും ഉണ്ടായിരുന്നത്. എതിര്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞതിന് ശേഷം അതേ ജാതിയിലുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാമെന്ന് ഇരു മുന്നണികളും തീരുമാനിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലായി. സാധാരണ നിലയില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാറുള്ള സിപിഎം ഇത്തവണ വ്യത്യസ്ത ജാതികളില്‍ നിന്നുള്ള രണ്ട് പേരുടെ പട്ടികയുണ്ടാക്കി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. യുഡിഎഫ് തീരുമാനത്തിനു അനുസൃതമായി രണ്ടില്‍ ഒരാളെ തെരഞ്ഞെടുക്കാമെന്നായിരുന്നു എല്‍ഡിഎഫ് തീരുമാനിച്ചത്.
അവസാനം യുഡിഎഫില്‍ ഡി കുമാര്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന സൂചന പുറത്ത് വന്നതോടെയാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ഉറച്ച തീരുമാനമായത്. ഡി കുമാര്‍ മുന്‍ ജില്ലാ പഞ്ചായത്ത് മെബമ്പറും, കോണ്‍ഗ്രസിൻ്റെ മൂന്നാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാണ്. സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന അഡ്വ എ രാജ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡി കുമാറിന് പുറമേ രാജാറാം, മുതുരാജ്, എസ് രാജ എന്നിവരാണ് കോണ്‍ഗ്രസില്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇ ആര്‍ ഈശ്വരന്‍ ആണ് സിപിഎമ്മിൻ്റെ പട്ടികയിലുള്ള രണ്ടാമന്‍. ഏതെങ്കിലും ഒരു മുന്നണിയില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടി വന്നാല്‍ സമാന രീതിയില്‍ എതിര്‍ മുന്നണിയിലും സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടതായി വരുമെന്നതാണ് ദേവീകുളത്തെ ഇപ്പോഴത്തെ അവസ്ഥ.