ആര്‍ത്തവത്തിൻ്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പാടില്ല: ഗുജറാത്ത് ഹൈക്കോടതി

0

ആര്‍ത്തവത്തിൻ്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പാടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍, വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനക്ക് വിധേയമാക്കിയ സംഭവത്തിനെതിരെ നല്‍കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക നിര്‍ദ്ദേശം. ജസ്റ്റിസുമാരായ ജെബി പര്‍ഡിവാല, ഇലേഷ് ജെ വോറ തുടങ്ങിയവരുടെ ബെഞ്ചാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയത്.

ആര്‍ത്തവത്തിൻ്റെ പേരില്‍ സ്ത്രീകളെ പൊതു, സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണം. ആര്‍ത്തവം കളങ്കമാണെന്നാണ് സമൂഹം വിചാരിച്ചിരിക്കുന്നത്. ആര്‍ത്തവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള പരമ്പരാഗതമായ വിമുഖതയാണ് ഇതിനെല്ലാം കാരണമാകുന്നത്. ആര്‍ത്തവം കാരണം നിരവധി പേര്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തികളില്‍ നിന്നു പോലും വിവേചനം നേരിടേണ്ടി വരുന്നുണ്ട്. പ്രാര്‍ത്ഥിക്കാനോ ദൈവീകമായ ഗ്രന്ഥങ്ങള്‍ സ്പര്‍ശിക്കാനോ പോലും അവര്‍ക്ക് അനുമതിയില്ല. നഗരവാസികളായ സ്ത്രീകളെ പൂജാമുറിയിലും ഗ്രാമവാസികളായ സ്ത്രീകളെ അടുക്കളയിലും കയറ്റുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

‘ആര്‍ത്തവത്തിൻ്റെ പേരിലുള്ള ഇത്തരം ഭ്രഷ്ടുകള്‍ പെണ്‍കുട്ടികളുടേയും വനിതകളുടേയും വൈകാരിക മാനസിക നിലകളെ സ്വാധീനിക്കുന്നുണ്ട്. ആരോഗ്യത്തേയും അത് ബാധിക്കുന്നു. രാജ്യത്തെ 88 ശതമാനം സ്ത്രീകളും കടലാസ്, ഉണങ്ങിയ ഇലകള്‍ എന്നിവയാണ് രക്തം വലിച്ചെടുക്കാനായി ഉപയോഗിക്കുന്നത്. ഫലപ്രദമല്ലാത്ത ഇത്തരം ചെയ്തികളിലൂടെ രോഗബാധക്ക് കാരണമാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.