ലീഡര്‍ കെ കരുണാകരൻ്റെ തട്ടകമായി അറിയപ്പെടുന്ന തൃശൂരിൻ്റെ മനസ്സ് ഇക്കുറി ആര്‍ക്കൊപ്പം. നിലവില്‍ എംഎല്‍എയുള്ള എല്‍ഡിഎഫോ, മണ്ഡലം തിരിച്ചു പിടിക്കാന്‍ പൊരുതുന്ന യുഡിഎഫോ, ചരിത്രം തിരുത്തുമെന്ന് പറയുന്ന എന്‍ഡിഎയോ…
തൃശൂര്‍ അങ്ങനെയാണ്. ലീഡറുടെ തീരുമാനങ്ങള്‍ പോലെ പ്രവചനാതീതം. എന്നാല്‍ ഇക്കുറി വിജയത്തില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്ന് ഉറച്ച വിശ്വാസമുള്ള ലീഡറുടെ മകള്‍ പദ്മജ വേണുഗോപാല്‍ തന്നെ പോരാട്ടം നയിക്കുമെന്ന ആവേശത്തിലാണ് യുഡിഎഫ്.
മന്ത്രി വി എസ് സുനില്‍കുമാറിലൂടെ പിടിച്ച മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കണമെന്ന് എല്‍ഡിഎഫിന് അറിയാം. സിപിഐക്ക് നല്‍കിയ സീറ്റില്‍ വി എസ് സുനില്‍കുമാറിന് പകരം ആര് എന്നത് ആകാംക്ഷയുള്ള ചോദ്യമാണ്. പി ബാലചന്ദ്രന്‍ മത്സരിക്കുമെന്നാണ് ഒടുവിലെ വാര്‍ത്ത.
ബിജെപിക്കാണ് തൃശൂര്‍ സീറ്റ് നല്‍കിയതെങ്കിലും സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാവാത്ത സംശയത്തിലാണ് എന്‍ഡിഎ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയിലൂടെ നേടിയ വലിയ വോട്ടിംഗ് ശതമാനം നിലനിര്‍ത്തിയില്ലെങ്കില്‍ നാണക്കേടാകുമെന്ന ചിന്ത അവരെ തളര്‍ത്തുന്നു.
പൊതുവേ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് സൃശൂര്‍, വളരെ കുറച്ച് അവസരങ്ങളിലേ തൃശൂര്‍ മറുകണ്ടം ചാടിയിട്ടുള്ളൂ. അതിന് കാരണമായതും പടക്കുള്ളിലെ പടയാണ്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജത്തിലേക്ക് നയിച്ചതും കോണ്‍ഗ്രസിലെ പടല പിണക്കങ്ങളും ഗ്രൂപ്പ് പോരുമായിരുന്നു. എന്നാല്‍ ഇക്കുറി എല്ലാവരേയും കൂട്ടിച്ചേര്‍ത്തുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുകയെന്ന് എ-ഐ ഗ്രൂപ്പ് മാനേജര്‍മാര്‍ പറയുന്നു.
പദ്മജ വേണുഗോപാല്‍ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ ലീഡറുടെ സ്‌നേഹം ആവോളം ആസ്വദിച്ച തൃശൂര്‍ക്കാരുടെ ലാളന ഉറപ്പാണ്. ഈ തിരിച്ചറിവാണ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ മറ്റ് മുന്നണികളെ പിന്നോട്ട് നയിക്കുന്നത്. ശക്തമായ സമ്മര്‍ദ്ദം ഉണ്ടായാല്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ തന്നെ മത്സരത്തിന് ഇറങ്ങും എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിപിഎം നേതൃത്വത്തിനും അതാണ് താല്‍പ്പര്യം. എന്നാല്‍ തീരുമാനം എല്ലാവര്‍ക്കം ബാധകം എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിലപാട്.
എന്‍ഡിഎ കാത്തിരിക്കുകയാണ് സ്ഥാനാര്‍ഥിയെ. ഇ ശ്രീധരന്‍, സുരേഷ് ഗോപി, സന്ദീപ് വാര്യര്‍, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന്‍.. തുടങ്ങി ബി ഗോപാലകൃഷ്ണൻ്റെ പേര് വരെ മുഴങ്ങുന്നുണ്ട്. എന്നാല്‍ ഇനിയും തീരുമാനം ആയില്ല.
മെയ് രണ്ടിന് ലീഡറുടെ തട്ടകം മനം തുറക്കുമ്പോള്‍ ഒരു സ്ഥാനാര്‍ഥി ചിരിക്കും. പക്ഷേ അതിനും മുന്‍പേ ജനത്തിനറിയാം അവരുടെ കൂടെ ആരുണ്ടാകുമെന്ന്. കൂടെയുണ്ട് ഞാന്‍ എന്ന ഉറപ്പ് ആരാണ് നല്‍കുകയെന്ന്.