പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനായി തുറന്ന് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. പുനര്‍ നിര്‍മാണത്തിന് 8 മാസം കാലാവധി നിശ്ചയിച്ചിരുന്നുവെങ്കിലും പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.
41 കോടി 70 ലക്ഷം രൂപ ചെലഴിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണി കഴിഞ്ഞ പാലം ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നീട് മദ്രാസ് ഐഐടിയും മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും അടക്കം നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. 2019 മെയ് 1 ന് പാലത്തിലുടെയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ അനുമതിയോടെ 2020 സെപ്തംബര്‍ 28ന് പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിക്കകയും, പാലത്തിന്റെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു. 160 ദിവസം കൊണ്ടാണ് ഊരാളുങ്കല്‍ പാലം പണി തീര്‍ത്തത്. പാലത്തിന്റെ 19 സ്പാനുകളിലും 17 എണ്ണം മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിയറുകളും പിയര്‍ ക്യാപുകളും ബലപ്പെടുത്തി. ജോലി ആരംബിച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിന് മുന്നേ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.