HomeIndiaപശ്ചിമ ബംഗാളില്‍ സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി

പശ്ചിമ ബംഗാളില്‍ സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി

പശ്ചിമ ബംഗാളില്‍ ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാല സഖ്യവും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയ ടിഎംസി സാഹചര്യം വീക്ഷിച്ച ശേഷം പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലാണ്. 30 വീതം മണ്ഡലങ്ങളിലായി മാര്‍ച്ച് 27, ഏപ്രില്‍ 1 തീയതികളിലാണ് ബംഗാളില്‍ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പ് നടക്കുക.

തിയതി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തന്ത്രങ്ങള്‍ ഒരുക്കിവെച്ച ബിജെപി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികക്ക് അവസാന രൂപം നല്‍കി. എത്രയും പെട്ടെന്ന് പട്ടിക പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥികളുടെ മണ്ഡല സന്ദര്‍ശനം ആരംഭിക്കാനാണ് ലക്ഷ്യം.

കോണ്‍ഗ്രസും സ്‌ക്രീനിംഗ് കമ്മിറ്റി കൂടി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടികക്ക് അംഗീകാരം നല്‍കും. കോണ്‍ഗ്രസും സിപിഎമ്മും ഐഎസ്എഫും ഒരുമിച്ചാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാല്‍ രാഷ്ട്രീയ അന്തരീക്ഷം വിലയിരുത്തി ടിഎംസി പ്രഖ്യാപനം നീട്ടിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടേയും വിശാല സഖ്യത്തിൻ്റെയും പട്ടിക പ്രസിദ്ധീകരിച്ച ശേഷം പ്രഖ്യാപിക്കാനാണ് നീക്കം. എതിര്‍സ്ഥാനാര്‍ത്ഥികളെ കണക്കിലെടുത്ത് മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടോ എന്ന് വിലയിരുത്തിയാകും ടിഎംസി പ്രഖ്യാപനം.

Most Popular

Recent Comments