കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം

0

സംഘ്പരിവാര്‍ അനുകൂല മാധ്യമമായ ഓപ് ഇന്ത്യക്ക് പ്രത്യേക പിന്തുണയും പ്രോത്സാഹനവും നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ആശയ വിനിമയവുമായി ബന്ധപ്പെട്ട മന്ത്രി തല ഉപ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. മിക്ക ഓണ്‍ലൈന്‍ പോര്‍ട്ടലുകളും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫേക്ക് ന്യൂസുകളെ കണ്ടെത്തി സത്യാവസ്ഥ തെളിയിക്കുന്നതില്‍ പ്രസിദ്ധമായ ആള്‍ട്ട് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ അപകടകാരിയാണെന്നും വിക്കിപീഡിയയില്‍ എഡിറ്റിങ്ങ് നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. രവിശങ്കര്‍ പ്രസാദും സ്മൃതി ഇറാനിയും ഉള്‍പ്പടെ ഒമ്പത് അംഗങ്ങളുള്ള കേന്ദ്ര മന്ത്രി തല ഉപസമിതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവാദ ഉള്ളടക്കം.

കടുത്ത മാധ്യമ നിയന്ത്രണത്തിനും നിരീക്ഷണത്തിനും വഴിയൊരുക്കുന്ന നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ശുപാര്‍ശ. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അമ്പത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും വ്യത്യസ്ത സമുദായങ്ങളുടെ വാട്‌സാപ്പുകള്‍ നിരീക്ഷിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനം സാധ്യമാക്കണമെന്നതടക്കം വിവാദമായ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.