പശ്ചിമ ബംഗാളില്‍ ബിജെപി നൂറ് സീറ്റുകള്‍ക്ക് മുകളില്‍ വിജയം നേടിയാല്‍ തൻ്റെ ജോലി ഉപേക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തും. മുഖ്യമന്ത്രിയായി മമത ബാനര്‍ജി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
തൻ്റെ പ്രവചനത്തിന് എതിരായി ബിജെപി ബംഗാളില്‍ അധികാരത്തിലേറിയാല്‍ ഈ ജോലി എന്നന്നേക്കുമായി ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റ് മേഖലയിലേക്ക് തിരിയും. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു പ്രശാന്ത്.
തൻ്റെ ജോലി ഉപേക്ഷിക്കുന്നതിനോടൊപ്പം ഐപിഎസി എന്ന സ്വന്തം തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സ്ഥാപനവും നിര്‍ത്തും. ഉത്തര്‍പ്രദേശില്‍ തനിക്ക് പരാജയം നേരിട്ടിട്ടുണ്ട്. ബംഗാളിൽ കാര്യങ്ങള്‍ അതുപോലെയല്ല. ഇവിടെ മമത ബാനര്‍ജി തനിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാളില്‍ ബിജെപിക്ക് നേട്ടം ഉണ്ടായാല്‍ താന്‍ ഈ ജോലിക്ക് യോഗ്യനല്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
പ്രശാന്ത് കിഷോറിൻ്റെ സാന്നിധ്യം മൂലമാണോ തൃണമൂല്‍ നേതാക്കളില്‍ പലരും രാജിവെക്കുന്നതെന്ന ചോദ്യത്തിന് താനിവിടെ വന്നത് സുഹൃത്തുക്കളെ ഉണ്ടാക്കാനല്ലെന്നും പാര്‍ട്ടിയെ വിജയിപ്പിക്കാനാണെന്നും അത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.