എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നഗ്നമായി ലംഘിക്കപ്പെടുകയാണ്. ഇതിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം നല്‍കുന്നു.
കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് വിജയിക്കില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ് നീക്കം. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. സംസ്ഥാനവുമായി ഏറ്റമുട്ടാനാണ് കേന്ദ്രം ആഗ്രഹിക്കുന്നെങ്കില്‍ പേടിച്ച് പിന്മാറില്ല.
മസാല ബോണ്ട് വിദേശ വിനിമന ചട്ടം ലംഘിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് മാത്രമേ വിദേശ വായ്പ എടുക്കാവൂ എന്ന സിഎജി കണ്ടെത്തല്‍ വിഡ്ഡിത്തമാണ്. ഫെമ നിയമ പ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടെങ്കില്‍ രാജ്യത്തെ ഏത് ബോഡി കോര്‍പ്പറേറ്റിനും വായ്പയെടുക്കാം. ആരുടേയും കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ കഴിയില്ല. കിഫ്ബി ധനസമാഹരണം നടത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കാതെ ഇഡി കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.