പ്രവാസികള്‍ക്ക് ഇ-വോട്ട് ഇത്തവണയുമില്ല

0

പ്രവാസികള്‍ക്ക് ഇ-വോട്ട് സൗകര്യം ഇത്തവണയും ഉണ്ടാകില്ല. ഇതിന്റെ നടപടി ക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനായിട്ടില്ല എന്നതാണ് കാരണം. ഇലക്ട്രോണിക് തപാല്‍ വോട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ എതിരല്ല. എന്നാല്‍, ഒറ്റയടിക്ക് എല്ലാ പ്രവാസികള്‍ക്കുമായി അത് നടപ്പാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്മീഷനെ അറിയിച്ചത്.

വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ള വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് മാത്രമേ ഇപ്പോള്‍ വോട്ട് ചെയ്യാന്‍ കഴിയുകയുള്ളൂ. കോവിഡിന്റെ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ധനവാണ് ഉണ്ടാകുകയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.കേരളത്തില്‍ 40,771 പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. 2016ല്‍ 21,794 പോളിങ് ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഏപ്രില്‍ ആറിനാണ് കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മേയ് രണ്ടിന് വോട്ടെണ്ണും.