വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്നും കാനം ആവര്‍ത്തിച്ചു. ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മന്ത്രി വിഎസ് സുനില്‍ കുമാറിനെ പോലെ പ്രവര്‍ത്തന മികവിനാല്‍ ജന ശ്രദ്ധ നേടിയ നേതാക്കള്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സിപിഐ ഇക്കാര്യത്തില്‍ നിലപാട് മാറ്റില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തി പകരം പുതിയ മുഖങ്ങളെ കൊണ്ട് വരാനാണ് സിപിഐ നീക്കം.