ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവ്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശം. കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് സംസ്ഥാന പൊലീസ് തീരുമാനമെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകളിലായി 2300ലധികം കേസുകളാണുള്ളത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കേസുകളുള്ളത്. പൗരത്വ നിയമഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളുമുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍. ഇത്തരം കേസുകള്‍ നിയമോപദേശത്തിന് ശേഷം മാത്രമേ പിന്‍വലിക്കുകയുള്ളൂ.
തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക തീരുമാനം പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. നേരത്തെ എന്‍എസ്എസ് അടക്കം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് അധികാരത്തിലേറിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ പ്രഖ്യാപിച്ചത്.