കേരള മുഖ്യമന്ത്രി കാപട്യത്തിൻ്റെ പര്യായമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ ആരോപണം വരുമ്പോള്‍ നിരന്തരം കള്ളം പറയുകയാണ് മുഖ്യമന്ത്രി. വിജയയാത്രയുടെ ഭാഗമായി എടപ്പാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഒളിച്ചു കളിക്കുകയാണ് മുഖ്യമന്ത്രി വിജയന്‍. തന്റെ ഓഫീസില്‍ ആരൊക്കെ വരുന്നു, മുഖ്യമന്ത്രിയെ ആരൊക്കെ കാണുന്നു എന്നതിലൊന്നും അദ്ദേഹത്തിന് വ്യക്തതയില്ല. ഇതിനുള്ള സംവിധാനമൊന്നും അവിടെയില്ലേ. അത്ര നിരുത്തരവാദപരമായാണോ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാപട്യമാണ് അദ്ദേഹത്തിന്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുന്നത് സ്വന്തം പരാജയം മറച്ചുവെക്കാനാണ്. വികസന കാര്യത്തിലും ജനതാല്‍പ്പര്യം സംരക്ഷിക്കുന്നതിലും യോഗിയുടെ കാല് കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയേ വിജയനുള്ളൂ. അധികാരത്തില്‍ ഇരുന്ന് അഴിമതി നടത്തുന്നില്ല യോഗി ആദിത്യനാഥ്.
അദ്ദേഹത്തിന്റെ ഓഫീസില്‍ കള്ളക്കടത്തുകാര്‍ ഇല്ല. അദ്ദേഹത്തിൻ്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണമോ ഡോളറോ കടത്തിയിട്ടില്ല. യോഗിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല.
സര്‍ക്കാരിനെതിര അഴിമതി ആരോപണം വരുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിജയന്‍ പറയുന്നത്. വിലകുറഞ്ഞ രാഷ്ട്രീയ നിലപാട് മാത്രമാണത്. പ്രതിപക്ഷത്തുള്ള കക്ഷികള്‍ ഇത്തരം വിഷയങ്ങളില്‍ ഒരേ നിലപാട് എടുക്കും. യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ സോളാര്‍ വിഷയത്തില്‍ എല്‍ഡിഎഫിനും ബിജെപിക്കും ഒരേ നിലപാട് ആയിരുന്നു. അന്നില്ലാത്ത എന്ത് ധാരണയാണ് ഇന്നുള്ളതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.