സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമർപ്പിച്ചു. ഹിന്ദു വിവാഹ നിയമത്തിൻ്റെ പരിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്വവര്‍ഗ വിവാഹം ഭാരതീയ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലിവിങ് ടുഗെദര്‍ സമ്പ്രദായവും, സ്വവര്‍ഗ ബന്ധവും ഇന്ത്യന്‍ കുടംബ വ്യവസ്ഥക്ക് ചേര്‍ന്നതല്ലെന്നും സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രതികരണം അറിയിച്ച് കൊണ്ട് കേന്ദ്രം അറിയിച്ചു.
പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാകില്ല. സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാകില്ലെന്നും കേന്ദ്രം പറയുന്നു. ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.