HomeIndiaരാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ആനന്ദ് ശര്‍മ്മയും

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ആനന്ദ് ശര്‍മ്മയും

കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് കപില്‍ സിബലിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയും വിമര്‍ശനവുമായി രംഗത്തെത്തി. പ്രസ്താവനയില്‍ രാഹുല്‍ വ്യക്തത വരുത്തണമെന്ന് ശര്‍മ്മ ആവശ്യപ്പെട്ടു.

രാഹുല്‍ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അനുഭവം പങ്കുെവച്ചതാകാം. ഏത് സാഹചര്യത്തിലാണ് അത്തരത്തിലൊരു നിരീക്ഷണം നടത്തിയതെന്ന് അദ്ദേഹത്തിന് മാത്രമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂ. പ്രസ്താവന സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാകരുത്.

സ്വാതന്ത്ര്യത്തിന് ശേഷം ജവഹര്‍ ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങീ പ്രധാനമന്ത്രിമാരെല്ലാം യുപിയെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും ഈയിടെ മന്‍മോഹന്‍സിങ്ങും ഉത്തരേന്ത്യയില്‍ നിന്നാണ് രാജ്യസഭയിലെത്തിയതെന്നും കോണ്‍ഗ്രസ് ഒരു മേഖലയേ പോലും ഒരിക്കലും അവമതിച്ചിട്ടില്ലെന്നും ശര്‍മ്മ ഓര്‍മ്മപ്പെടുത്തി.

രാഹുലിൻ്റെ പ്രസ്താവന അമേഠിയിലെ ജനങ്ങളോടുള്ള നന്ദികേടാണ് എന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനത്തോടും ശർമ പ്രതികരിച്ചു.. രാഹുല്‍ എല്ലായ്‌പ്പോഴും അഖണ്ഡ ഇന്ത്യക്കായി നിലകൊണ്ടിട്ടുള്ള മനുഷ്യനാണെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി.

രാഹുല്‍ തൻ്റെ പ്രസ്താവന വിശദീകരണമെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. രാജ്യത്തെ വിഭജിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു എന്ന ബിജെപിയുടെ ആരോപണം ചിരിച്ചു തള്ളുകയാണ്. അധികാരത്തിലെത്തിയ ശേഷം സര്‍ക്കാറാണ് രാജ്യത്തെ വിഭജിക്കുന്നത്. രാഹുലിൻ്റെ പ്രസ്താവന ഏത് പശ്ചാത്തലത്തിലാണ് എന്ന് അദ്ദേഹം തന്നെ വിശദീകരിക്കട്ടെയെന്നും സിബല്‍ വ്യക്തമാക്കി.

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്ത്  എത്തിയപ്പോഴാണ് രാഹുലിൻ്റെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. 15 വര്‍ഷം ഉത്തേരന്ത്യയില്‍ നിന്നുള്ള എംപിയായിരുന്നു താനെന്നും വിവിധ തരത്തിലുള്ള രാഷ്ട്രീയം കണ്ടിട്ടുണ്ടെന്നും പറഞ്ഞ രാഹുല്‍ തന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലേക്ക് വരുന്നത് വളരെ ആഹ്ലാദകരമാണെന്നും പറഞ്ഞു. ഇവിടത്തെ ജനങ്ങള്‍ കാര്യങ്ങളെ ഉപരിപ്ലവമായി മാത്രം കാണാത്തതുകൊണ്ട് അവര്‍ക്ക് കാര്യങ്ങള്‍ വിശദമായി തന്നെ അറിയാമെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. പ്രസ്താവന ഉത്തരേന്ത്യന്‍ വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യയെ വിഭജിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയതെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

Most Popular

Recent Comments