ഗുജറാത്ത് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം

0

ഗുജറാത്തിലെ 6 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ആകെ 576 സീറ്റുകളില്‍ 483 സീറ്റുകളും ബിജെപി നേടി. കോണ്‍ഗ്രസിന് 55 സീറ്റിലൊതുങ്ങാനേ കഴിഞ്ഞുള്ളൂ. അപ്രതീക്ഷിത മുന്നേറ്റം നടത്തി 27 സീറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എംഐഎം ഏഴ് സീറ്റിലും ബിഎസ്പി 3 സീറ്റിലും വിജയക്കൊടി പാറിച്ചു.

സൂറത്തിലാണ് ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കിയിരിക്കുന്നത്. കോര്‍പറേഷനിലെ 120 സീറ്റില്‍ 93 ഇടത്ത് ജയിച്ച് ബിജെപി ഭരണം നിലനിര്‍ത്തി. 27 സീറ്റില്‍ ആം ആദ്മി വിജയിക്കുകയും ചെയ്തു. ഇതില്‍ 25 സീറ്റുകള്‍ കോണ്‍ഗ്രസിന്റേതായിരുന്നു. എന്നാല്ഡ കോര്‍പറേഷനിലെ 59 സീറ്റില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി.

അഹമ്മദാബാദില്‍ ആദ്യമായയി മത്സരരംഗത്തിറങ്ങിയ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ന്യൂനപക്ഷ മേഖലയില്‍ ഏഴ് സീറ്റുകളാണ് സ്വന്തമാക്കിയത്.

രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭാവ്‌നഗര്‍ കോര്‍പറേഷനുകളില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് പത്ത് ശതമാനം സീറ്‌റുപോലും കിട്ടിയിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ജന്മസ്ഥലമായ രാജ്‌കോട്ടിലെ 72 സീറ്റില്‍ 68 ഇടങ്ങളില്‍ വിജയിച്ചതും ബിജെപിയാണ്. 2015ല്‍ 38 സീറ്റുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്.

പട്ടീദാര്‍ ക്വാട്ട സമരനായകന്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ പോരിനിറങ്ങിയത്. എന്നാല്‍ യുവനേതാവിന് സ്വാധീനമുണ്ടാക്കാനിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റാണ് ഹര്‍ദിക്. ഹര്‍ദിക് പട്ടേലും പ്രസിഡന്റ് അമിത് ചാവ്ദയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാജീവ് സതവും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.