നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിപ്പോകരുതെന്ന് യുഡിഎഫ് നേതൃത്വത്തിനോട് രാഹുല്‍ ഗാന്ധി. പതിവ് മുഖങ്ങളെ തിരുകി കയറ്റുന്നതില്‍ കാര്യമില്ലെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കണമെന്നും യുഡിഎഫ് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സാന്നിധ്യം കൂടുതലായി ഉണ്ടാകണമെന്ന് ഘടകക്ഷികളും ആവശ്യപ്പെട്ടു.
യുഡിഎഫ് ഏകോപന സമിതി യോഗത്തിലും കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സിമിതിയും രാഹുല്‍ പങ്കെടുത്തു. ഭരണം പിടിക്കാന്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന് വിലയിരുത്തിയാണ് രാഹുല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ നിലപാട് വ്യക്തമാക്കിയത്. ജയസാധ്യത മാത്രമാവണം മാനദണ്ഡം. അതിന് പതിവ് മുഖങ്ങളെ തിരുകി കയറ്റുന്നത് ഒഴിവാക്കണം.
മറ്റു പരിഗണനകള്‍ മാറ്റിവെച്ച് യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കാനും രാഹുല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനോട് അറിയിച്ചു. രാഹുലിൻ്റെ നിലപാടുകളോട് ഘടകക്ഷികള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. തര്‍ക്കങ്ങളും ഭിന്നസ്വരങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടണമെന്നും രാഹുല്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനവും രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു.
ആഴക്കടല്‍ മത്സ്യ ബന്ധന കരാറടക്കം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ കൂടുതലായി ശക്തമാക്കാൻ യോഗം തീരുമാനിച്ചു. മാണി സി കാപ്പനെ ഏതു നിലയില്‍ ഉള്‍ക്കൊള്ളണം എന്ന കാര്യം 28ന് യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. ഈ മാസത്തോടെ സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനും നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.