കണ്ണാറ ബനാന ആൻഡ് ഹണി പാർക്കിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ദേശീയ, അന്തർ ദേശീയ വിപണി കീഴടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണാറ മോഡൽ ഹോർട്ടികൾച്ചർ ഫാമിൽ സ്ഥാപിച്ച ബനാന ആൻഡ് ഹണി പാർക്കിൻ്റെയും, കൃഷി വകുപ്പിൻ്റെ മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കർഷകർക്ക് ഏറെ പ്രയോജനകരമാകും ഈ സംരംഭം. കാർഷിക മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന സംരംഭമായി ഈ പാർക്ക് മാറും.
ഭൗമ സൂചിക പദവിയുള്ള ചെങ്ങാലിക്കോടൻ ലോകത്തിന് സമ്മാനിച്ച ജില്ലയാണ് തൃശൂർ. വാഴകൃഷിയിൽ മുൻപന്തിയിലുള്ള ജില്ലയാണ് തൃശൂർ. ആ നിലയിൽ ഇത്തരം ഒരു പാർക്കിന് ഏറ്റവും ഉചിതമായ സ്ഥലo കണ്ണാറയെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷനായി. തേൻ, വാഴപ്പഴം എന്നിവയുടെ സംസ്ക്കരണം ലക്ഷ്യമിട്ട് 25.13 കോടി രൂപ കിഫ്‌ബി ധനസഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് ആരംഭിക്കാൻ പോകുന്ന നാല് അഗ്രോ പാർക്കുകളിൽ ആദ്യത്തെ അഗ്രോ പാർക്ക് ആണ് കണ്ണാറയിൽ ആരംഭിച്ചത്. കേരള അഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷൻ ആയിരുന്നു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ. ഇതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ 14.28 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള എസ്റ്റിമേറ്റ് അംഗീകരിച്ച് കിഫ്ബി നടപടി പൂർത്തീകരിച്ചു.
പാർക്കുകളുടെ നടത്തിപ്പിനായി കേരള അഗ്രോ ബിസിനസ് കമ്പനി( കാബ്കോ) എന്ന കമ്പനി കൃഷി വകുപ്പിന് കീഴിൽ രൂപീകരിക്കുന്ന നടപടികൾ പൂർത്തീകരിച്ചു വരികയാണ്. വാഴപഴത്തിൽ നിന്നും തേനിൽ നിന്നും നിരവധികളായ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാനുള്ള സാധ്യതയുള്ള പ്രസ്തുത അഗ്രോ പാർക്ക് കർഷകർക്ക് വലിയ ഗുണം ലഭിക്കും. 55000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ബനാന പാർക്കും,16620 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ നിർമാണം ആണ് പൂർത്തിയായത്. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ മുഖ്യപ്രഭാഷണം നടത്തി