എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു

0

മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ എന്‍സിപിയില്‍ ഭിന്നത രൂക്ഷം. കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് സംസ്ഥാന പ്രസിഡണ്ട് ടിപി പീതാംബരന്‍ മാറിനിന്നു. മാണി സി കാപ്പനോട് മൃദു സമീപനം പുലര്‍ത്തിയതിന് സംസ്ഥാന അധ്യക്ഷനെ മാറ്റാനാണ് ശശീന്ദ്രൻ വിഭാഗം ആലോചിക്കുന്നത്. ഇതോടെ വിയോജിപ്പുകള്‍ പരസ്യമാകുകയായിരുന്നു.

യുഡിഎഫിൻ്റെ ഭാഗമായ ശേഷം കാപ്പനെ തള്ളിപ്പറയാന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തയ്യാറായിരുന്നില്ല. കാപ്പനോട് ചെയ്തത് നീതികേടായിപ്പോയി എന്ന മട്ടില്‍ പ്രതികരിച്ച ടിപി പീതാംബരന്‍ പാലായില്‍ പാര്‍ട്ടിക്ക് ശക്തി കുറഞ്ഞുവരികയാണെന്നും അഭിപ്രായപ്പെട്ടു.  മാണി സി കാപ്പനെ അയോഗ്യത ഭീഷണിയില്‍ നിന്ന് ഒഴിവാക്കാന്‍ പീതാംബരന്‍ ഇടപെടല്‍ നടത്തിയെന്ന് കാപ്പന്‍ വിരുദ്ധ പക്ഷം പ്രതികരിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഈ മാസം 22ന് എറണാകുളത്ത് ചേരുന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കും. ഇത്തരം സാഹചര്യത്തില്‍ കോട്ടയത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് പീതാംബരന്‍ മാറി നില്‍ക്കുകയായിരുന്നു. മാറി നിന്നത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നാണ് ജില്ലാ നേതാക്കളുടെ വിശദീകരണം.

അതെസമയം, പാലായിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് അംഗീകരിച്ചതോടുകൂടി കാപ്പന്‍ ജോസഫ് വിഭാഗവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പാലായിലേത് അഭിമാന പോരാട്ടമായി കണ്ട് കാപ്പന്റെ വിജയത്തിനായി കോണ്‍ഗ്രസ് ഒറ്റക്കെട്ടാകുമ്പോഴും ഇടതുപക്ഷത്തിന്റെ ഔദ്യോഗിക ഭാഗമായ എന്‍സിപിയില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.