പഞ്ചാബില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച കര്‍ഷക രോഷം ബിജെപിയെ സംസ്ഥാനത്ത് നിന്ന് പിഴുതെറിഞ്ഞിരിക്കുകയാണ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും കൗണ്‍സിലിലേക്കുമായി 2168 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബിജെപിക്ക് നേടാനായത് 49 എണ്ണം മാത്രമാണ്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചാണ് നാല് പതിറ്റാണ്ട് നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച ശിരോമണി അകാലിദളിനും തിരിച്ചടി ഉണ്ടായിട്ടുണ്ട്. 285 വാര്‍ഡുകളില്‍ മാത്രമാണ് അകലാദളിന് ജയം സാധ്യമായത്.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ അശ്വിനി ശര്‍മ്മയുടെ ജന്മദേശമായ പത്താന്‍കോട്ടില്‍ 50 സീറ്റില്‍ 12 ഇടങ്ങളിലെ ബിജെപിക്ക് ജയിക്കാനായിട്ടുള്ളൂ. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ഭതിന്‍ഡ, കപൂര്‍ത്തല, മോഗ, അഭോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ലൈന്നും ചര്‍ച്ചാ വിഷയമായി. ഗുരുദാസ്പൂര്‍, ഫിറോസ്പൂര്‍, ദസുയ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലും ബിജെപിക്ക് പ്രതിനിധികളായി ആരുമില്ലെന്നും ശ്രദ്ധേയമാണ്.
മത്സരരംഗത്തിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാനത്ത് കര്‍ഷക രോഷം കൊടുമ്പിരി കൊണ്ടിരുന്നു. പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചോദിക്കാന്‍ പോലും കഴിഞ്ഞില്ല എന്നത് കര്‍ഷക പ്രക്ഷോഭം പൊതു ജനങ്ങളെ എത്ര കണ്ട് സ്വാധീനിച്ചു എന്നതിന് തെളിവാണ്. ചിലയിടങ്ങളില്‍ ബിജെപിക്ക് മത്സരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
അതെസമയം തെരഞ്ഞെടുപ്പിലുടനീളം കോണ്‍ഗ്രസിന്റെ തേരോട്ടം കാണാനാണ് കഴിഞ്ഞത്. 8 കോര്‍പറേഷനുകളില്‍ 7 എണ്ണത്തിന്റെ വിധി വന്നപ്പോള്‍ ആറെണ്ണത്തിലും കോണ്‍ഗ്രസ് തങ്ങളുടെ അധികാരമുറപ്പിച്ചു. ആകെ 351 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 271 സീറ്റും കോണ്‍ഗ്രസ് പിടിച്ചടക്കി.