സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മണല്‍പ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് കോടി രൂപയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയതും ആധുനിക സംവിധാനങ്ങളുള്ളതുമായ ബീച്ചായി മാറാനാണ് അഴീക്കോട് തയ്യാറെടുക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 19ന് വൈകീട്ട് അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുന്നതിൻ്റെ ഭാഗമായി 2019ലാണ് ജില്ലാ വിനോദസഞ്ചാര പ്രമോഷന്‍ കൗണ്‍സില്‍, മുസിരിസ് ബീച്ച് മുസിരിസ് പൈതൃക പദ്ധതിക്ക് കൈമാറിയത്. അഴീക്കോട് കടല്‍ത്തീരത്തായി ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉള്‍പ്പെടെയുള്ള വിശാലമായ മണല്‍പ്പരപ്പോടുകൂടിയ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്. ഇപ്പോള്‍ നിലവിലുള്ള പരിമിതമായ സൗകര്യങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതിസൗന്ദര്യം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ബീച്ചിന് കിഴക്കുഭാഗത്ത് വിപുലമായ സൗകര്യമുള്ള ബോട്ടുജെട്ടി സ്ഥാപിച്ചു കഴിഞ്ഞതോടെ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേക്ക് ഒരു ജലപാതകൂടിയാണ് യാഥാര്‍ത്ഥ്യമായത്.
സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി വീതിയേറിയ നടപ്പാതകള്‍, കിലോമീറ്ററുകള്‍ ദൂരമുള്ള സൈക്കിള്‍ പാത, വിശ്രമസങ്കേതങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, സൈന്‍ ബോര്‍ഡുകള്‍, ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവയാണ് ഒരുക്കുന്നത്. കടലും കായലും സംഗമിക്കുന്ന അഴിമുഖത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ബീച്ചില്‍ സൂര്യാസ്തമയം ദര്‍ശിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കും. നേരത്തെ ബീച്ചിൻ്റെ ഒരുഭാഗത്ത് 20 സെന്റ് സ്ഥലത്ത് മിയോവാക്കി കാടുകള്‍ തയ്യാറാക്കിയിരുന്നു.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലെത്തുന്ന സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ബീച്ച് മാറും. കൂടാതെ തീരദേശത്ത് നിരവധി തൊഴില്‍സാധ്യതകള്‍ക്കും ഇത് വഴി തുറക്കും.