സെക്രട്ടറിയേറ്റിനു മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ മുട്ടിലിഴഞ്ഞ് പ്രതിഷേധം

0

സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നടക്കുന്ന യുവ ജന സംഘടനകളുടെ ജനകീയ പ്രക്ഷോഭം ഇന്നും തുടരുന്നു. സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭ തീരുമാനം വന്നതോടുകൂടി ശക്തമായ പ്രതിഷേധമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്നത്. മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികള്‍ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു. സര്‍ക്കാര്‍ അനുകൂലമായ തീരുമാനം സ്വീകരിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

സര്‍ക്കാരിന്റെ ബന്ധു നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അറിയിച്ചു. കോഴിക്കോട് കലക്ട്രേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാലടി സര്‍വകലാശാലയില്‍ അനധികൃതമായി നിനിത കണിച്ചേരിയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാലക്ക് മുമ്പില്‍ കെഎസ്‌യു ഉപവാസ സമരം ആരംഭിച്ചു. പാലക്കാട് കളക്ട്രേറ്റിലേക്ക് യുവ മോര്‍ച്ച നടത്തിയ മാര്ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.