അസം കോണ്‍ഗ്രസിന് ലഭിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: രാഹുല്‍

0

അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിലെ ശിവനഗറില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ കേന്ദ്ര സര്‍ക്കാരിനെയും അസമിലെ ബിജെപി സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി നിശിതമാായി വിമര്‍ശിച്ചു. ബിജെപിയും ആര്‍എസ്എസും അസമിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അനധികൃത കുടിയേറ്റം സംസ്ഥാനത്തിന്റെ പ്രധാന വിഷയമാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അസം കരാര്‍ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തും. കരാറിലെ തത്വങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ അറിയിച്ചു.

നാഗ്പൂരിലെയും ഡല്‍ഹിയിലെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ടിവിയെ നിയന്ത്രിക്കാനാണ് സാധാരണ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കാറുള്ളതെന്നും മുഖ്യമന്ത്രിയെ നിയന്ത്രിക്കാനല്ലെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തോട്ടം തൊഴിലാളികളുടെ വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനായി പ്രത്യേകം നിര്‍മിച്ച ഷാള്‍ ധരിച്ചുകൊണ്ടാണ് രാഹുല്‍ വേദിയില്‍ എത്തിച്ചേര്‍ന്നത്.