മാണി സി കാപ്പന്‍ രാഷ്ട്രീയ മര്യാദ കേട് കാണിച്ചു എന്ന എല്‍ഡിഎഫ് നേതാക്കളുടെ പ്രസ്താവനകളോട് സഹതാപമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് പോയത് രാഷ്ട്രീയ മാറ്റം എന്നാണ് പറഞ്ഞത്. അന്ന് ആ വിഭാഗത്തിലെ എംഎല്‍എമാര്‍ രാജിവെച്ചോ, ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചാണോ പോയത്.
കാപ്പനെതിരെ പ്രകടനം നടത്തിയവര്‍ കുറച്ചു കൂടി സമചിത്തതയോടെ കഴിഞ്ഞ മാസങ്ങളിലെ കാര്യങ്ങള്‍ കാണണം. ജോസ് കെ മാണി യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്തവര്‍ക്ക് ധാര്‍മികത പറയാന്‍ എന്തര്‍ഹത. ധാര്‍മികത പറയാന്‍ മാണി സി കാപ്പനാണ് അര്‍ഹത. കാരണം വിജയിച്ച സീറ്റ് തോറ്റ പാര്‍ടിക്ക് നല്‍കില്ലെന്ന് പറയാനുള്ള അര്‍ഹത അദ്ദേഹത്തിനുണ്ട്.
പ്രകടന പത്രികയിലെ കാര്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ നടപ്പാക്കി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങിനെയെങ്കില്‍ തൊഴില്‍ തേടി യുവാക്കള്‍ക്ക് സെക്രട്ടറിയറ്റ് പടിക്കല്‍ കിടക്കേണ്ടി വരില്ലല്ലോ. എന്ത് വികസനമാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. കൊച്ചി മെട്രോ ആയാലും സംസ്ഥാനത്തെ ഏത് വന്‍ വികസന പദ്ധതികള്‍ ആയാലും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നതല്ലേ..
പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തിനേയും എതിര്‍ത്ത് നശീകരണം നടത്തുന്നവര്‍ ഭരണത്തില്‍ കയറിയാല്‍ വക്താക്കളാവുന്നു. ഒരു ഉളിപ്പും ഇല്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.