പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വയസ്

0

പുല്‍വാമയില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര ജവാന്‍മാരുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്. 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് മറ്റൊരു വാഹനത്തിലെത്തിയ പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. അപകടത്തില്‍ വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാര്‍ ഉള്‍പ്പടെ 40 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്.

2019 ഫെബ്രുവരി 14ന് വൈകീട്ട് 3.15നാണ് പുല്‍വാമ ജില്ലയിലെ അവന്തിപുരക്ക് സമീപം സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേറാക്രമണം ഉണ്ടാകുകയായിരുന്നു. 78 വാഹനങ്ങളില്‍ 2547 സിആര്‍പിഎഫ് ജവാന്മാരാണ് ഉണ്ടായിരുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകവേയായിരുന്നു ആക്രമണം.

പുല്‍വാമ കാകപാറ സ്വദേശിയായ ആദില്‍ അഹമ്മദ് എന്ന ചാവേറാണ് 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി വന്ന് അപകടമുണ്ടാക്കിയത്. ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റളവില്‍ തെരിച്ചു വീണിരുന്നു.

പുറകില്‍ വന്ന ബസുകള്‍ക്കും സ്‌ഫോടനത്തില്‍ തകരാറുകള്‍ സംഭവിച്ചു. പൂര്‍ണമായി തകര്‍ന്ന 760ാം ബറ്റാലിയന്‍ ബസില്‍ ഉണ്ടായിരുന്നത് 40 പേരായിരുന്നു. വാഹനവ്യൂഹത്തിന് നേരെ വെടിവെയ്പുമുണ്ടായി. വയനാട് സ്വദേശി വസന്ത കുമാര്‍ 82ാം ബറ്റാലിയന്‍ ബസിലാണുണ്ടായിരുന്നത്. പിന്നീട് ആക്രണണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് ഈ ആക്രമണം നടന്നതുകൊണ്ട് തന്നെ രാഷ്ട്രീയമായും സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിന്റെ പ്രത്യാക്രമണമെന്നോണം 12 ദിവസങ്ങള്‍ക്ക് ശേഷം പാകിസ്താനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തുകൊണ്ട് തിരിച്ചടിക്കുകയുമുണ്ടായി.