എം എം മണിക്ക് ചുട്ട മറുപടിയുമായി കാപ്പന്‍

0

തൻ്റെ യുഡിഎഫ് പ്രവേശനത്തെ പരിഹസിച്ച വൈദ്യുതി മന്ത്രി എം എം മണിക്ക് ചുട്ട മറുപടിയുമായി മാണി സി കാപ്പന്‍. മന്ത്രി വാ പോയ കോടാാലിയാണ്. വണ്‍, ടൂ, ത്രീ എന്നാണ് അദ്ദേഹത്തിൻ്റെ ശൈലി. അതിനോടൊന്നും പ്രതികരിക്കാനില്ല. മണിയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

കാപ്പൻ്റെ നടപടി ശുദ്ധ പോക്രിത്തരമാണെന്നായിരുന്നു എം എം മണി പറഞ്ഞത്. പ്രാഥമിക ചര്‍ച്ചപോലും നടത്താതെയായിരുന്നു മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടത്. കാപ്പന് ലക്ഷ്യങ്ങള്‍ വേറെയാണെന്നും മന്ത്രി സ്ഥാനം കിട്ടാത്തതിൻ്റെ ചൊരുക്കാണെന്നും മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലായില്‍ കാപ്പനെ ജയിപ്പിച്ചത് ഇടതുപക്ഷമാണെന്നും കാപ്പന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കാപ്പന് സീറ്റില്ലെന്ന് മുന്നണി എവിടേയും പറഞ്ഞിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

അതേസമയം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്നും കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാകുമെന്നും അവരെല്ലാം തന്നെ തന്നോടൊപ്പം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. ചതി ആരാണ് ചെയ്തതെന്ന് ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെ ഉണ്ടെന്നും കാപ്പന്‍ വ്യക്തമാക്കി.