ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍ നിന്ന് യുഎസ് മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വിമുക്തനായി. ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ യുഎസ് സെനറ്റ് അവസാനിപ്പിച്ചു. വിചാരണ നേരിട്ട ട്രംപിനെതിരെയുള്ള പ്രമേയത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. ഇതോടെയാണ് അമേരിക്കന്‍ നിയമം അനുസരിച്ച് ട്രംപ് കുറ്റവിമുക്തനായത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ട്രംപിനെ ശിക്ഷിക്കാന്‍ സെനറ്റില്‍ വേണ്ടിയിരുന്നത്. എന്നാല്‍ നൂറംഗ സെനറ്റില്‍ 50 ഡെമോക്രാറ്റുകളും 7 റിപ്പബ്ലിക്കന്‍ മാരും മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്. ട്രംപിന്റെ പ്രസ്താവനകളും പ്രസംഗങ്ങളും കലാപ ദൃശ്യങ്ങളും ഉയര്‍ന്നു വന്നെങ്കിലും അദ്ദേഹം നേരിട്ട് പങ്കെടുത്തില്ല എന്ന ആനുകൂല്യമാണ് രക്ഷയായത്.